കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദർശിച്ചതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച റമദാന് വ്രതത്തിനു തുടക്കമാകുന്നതെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്ലിയാര്, താഴപ്ര മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര് എന്നിവര്‍ അറിയിച്ചു.
തെക്കന്‍ കേരളത്തിലും നാളെ റമദാന് ഒന്നാകുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തെക്കന്‍ കേരളത്തില്‍ നാളെ റമദാന് ഒന്നായി പ്രഖ്യാപിച്ചത്.