തിരുവനന്തപുരം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കഴക്കൂട്ടത്ത് സംഘടനയുടെ പ്രതിഷേധ പ്രകടനം. ഐ.എൻ.ടി.യു.സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വി ഡി സതീശനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം .പ്രതിഷേധത്തിനിടയിൽ വി ഡി സതീശന്റെ ചിത്രമുള്ള പേപ്പർ കീറിയെറിഞ്ഞു.
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ‘ആരാടാ’ വിഡി സതീശൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
വി.ഡി.സതീശന്റെ പ്രസ്താവനയ്ക്കെതിരെ സംഘടനയിൽ പ്രതിഷേധം ശക്തമാകവേ, സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ ഇന്നലെ ഓൺലൈൻ യോഗം വിളിച്ചു. എല്ലാ ജില്ലകളിലെയും ഐഎൻടിയുസി പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. പ്രസ്താവന ശരിയായില്ലെന്ന നിലപാടാണ് ഭൂരിപക്ഷം പ്രസിഡന്റുമാരും കൈക്കൊണ്ടത്. സംഘടനയുടെ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന അധ്യക്ഷനെ യോഗം ചുമതലപ്പെടുത്തി. തിങ്കളാഴ്ച തലസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ വാർത്താ സമ്മേളനം നടത്തി നിലപാട് വ്യക്തമാക്കും.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വേദന ഉണ്ടാക്കിയതായി യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഒരിക്കലും നടത്താൻ പാടില്ലാത്ത പ്രസ്താവനയായിരുന്നു അത്. ഗ്രൂപ്പ് പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും മുൻപ് ഒരു നേതാവും ഐഎൻടിയുസിക്കെതിരെ ഇത്തരം പ്രസ്താവന നടത്തിയിട്ടില്ല. തൊഴിലാളികളുടെ സംഘടനയെ ഇങ്ങനെ ആക്ഷേപിച്ചതിൽ പ്രയാസമുണ്ടെന്ന വികാരമാണ് യോഗത്തിൽ പങ്കെടുത്തവർ പങ്കുവച്ചത്. പാർട്ടി തെറ്റു തിരുത്തിയില്ലെങ്കിൽ ഐഎൻടിയുസിക്കു സ്വന്തം വഴി നോക്കേണ്ടിവരുമെന്നും നേതൃത്വം പറയുന്നു.
അതേസമയം, സതീശന് എതിരായ പ്രകടനത്തിൽ നടപടി വേണമെന്ന് കെ.പി.സി.സി യോഗത്തിൽ ആവശ്യം. ജോസി സെബാസ്റ്റ്യനാണ് ആവശ്യം ഉന്നയിച്ചത്. സംഭവത്തിൽ ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കെ.പി.സി.സി അധ്യക്ഷൻ അറിയിച്ചു.