ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്. അമേരിക്കയിലെ സ്റ്റാലന് ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന് രൂപവത്കരണത്തിന് അംഗീകാരമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തത്. ആമസോണിന്റെ ജീവനക്കാര്‍ തൊഴിലാളി യൂണിയന് രൂപീകരിക്കുന്ന ആദ്യത്തെ സംഭവമാണ് സ്റ്റാലന് ഐലന്‍ഡിലേത്.
ജെ.എഫ്.കെ.8 എന്ന പേരിലറിയപ്പെടുന്ന വെയര്‍ഹൗസിലെ (ഫുള്‍ഫില്‍മെന്റ് സെന്ററിലെ) ജീവനക്കാരില്‍ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയന് രൂപവത്കരിക്കുന്നതിനെ അനുകൂലിച്ചു. റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് 2131 പേര് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ യൂണിയന് രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകള്‍ ലഭിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായ ആമസോണില്‍ സംഘടിത തൊഴിലാളികള്‍ നേടിയ വിജയം ചരിത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ സ്മോള്‍സ് ഉള്‍പ്പടെയുള്ളവര്‍ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ അഭിവാദ്യം ചെയ്തു.
വെയര്‍ഹൗസുകളിലെ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ തന്നെ ഫുള്‍ടൈം അല്ലാത്ത തൊഴിലാളികള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയന് വേണ്ടിയുള്ള ആവശ്യങ്ങളുയര്‍ന്നത്.