സിനിമ താരങ്ങളുടെ പ്രണയവും വിവാഹവും എപ്പോഴും ചർച്ചയാറുണ്ട്. ബോളിവുഡിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രണയ വിശേഷണങ്ങൾ സിനിമാ ആരാധകർ കേട്ടിട്ടുള്ളത്.വിവാഹശേഷമുള്ള രഹസ്യ പ്രണയങ്ങളുടെ നിരവധി കഥകളും ബോളിവുഡിൽ നിന്നും കേൾക്കാം. ഒരുമിച്ച് അഭിനയിക്കുമ്പോഴും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുമ്പോഴുമാണ് താരങ്ങൾ തങ്ങളുടെ പ്രണയം കണ്ടെത്തിയിട്ടുള്ളത്.
വീണ്ടും വിവാഹിതരാകാനും താരങ്ങൾ നിർബന്ധിതരായിട്ടുണ്ട്. അങ്ങനെ ആദ്യത്തെ വിവാഹ ബന്ധം നിലനിൽക്കെ വിവാഹമോചനം നേടാതെ തന്നെ തന്റെ കാമുകിയെ വിവാഹം ചെയ്ത നിരവധി താരങ്ങളുണ്ട് ബോളിവുഡിൽ.
രഹസ്യ പ്രണയവിവാഹകഥകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഹേമ മാലിനിയും ധർമ്മേന്ദ്രയും. ഹേമാമാലിനി ധർമ്മേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യ ഭാര്യ പ്രകാശ് കൗർ ആയിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഹേമയുമായി പ്രണയത്തിലായപ്പോൾ ധർമ്മേന്ദ്ര പ്രകാശ് കൗറിനോട് വിവാഹമോചനം ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയ്യാറായില്ല. എന്നാൽ എതിർപ്പുകളെയെല്ലാം മറികടന്ന് മുസ്ലീമായി മതം മാറി ധർമ്മേന്ദ്ര പിന്നീട് ഹേമയെ ജീവിത സഖിയാക്കി. ആ ബന്ധത്തിലും ധർമ്മേന്ദ്രയ്ക്ക് രണ്ട് മക്കളുണ്ട്.
മഹേഷ് ഭട്ടിന്റെ പ്രണയബന്ധങ്ങൾ ബോളിവുഡിന് സുപരിചിതമാണ്. 20 വയസുള്ളപ്പോൾ ബാല്യകാല സഖി ലോറൈൻ ബ്രൈറ്റിനെ മഹേഷ് വിവാഹം കഴിച്ചു. 21 വയസ്സുള്ളപ്പോൾ മഹേഷിന് മകൾ പൂജ ഭട്ട് പിറന്നു. മഹേഷ് ഭട്ടിന് പർവീൺ ബാബിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് വന്നതിനാൽ ലോറൈൻ മഹേഷിൽ നിന്നും അകന്ന് പോയി. പർവീൺ ബാബിയുമായു അധിക കാലം വിവാഹ ജീവിതം നയിക്കൻ മഹേഷിനായില്ല. പിന്നീട് സോണി റസ്ദാനെ മഹേഷ് ജീവിത സഖിയാക്കി. സോണിയ്ക്കും മഹേഷിനും ആലിയ ഭട്ട്, ഷഹീൻ ഭട്ട് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
രണ്ട് ഭാര്യമാർക്കൊപ്പവും സമാധാനമായി ജീവിക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്ന ബോളിവുഡ് സെലിബ്രിറ്റിയാണ് സംവിധായകനും നിർമാതാവുമെല്ലാമായ സലിം ഖാൻ. ആദ്യ ഭാര്യയായ സൽമയെ വിവാഹമോചനം ചെയ്യാതെയാണ് അദ്ദേഹം ബോളിവുഡ് തന്റെ നൃത്തത്തിലുള്ള പ്രാവീണ്യം കൊണ്ട് കൈയ്യടക്കിയ ഹെലനെ വിവാഹം ചെയ്തത്. സലീമിന്റെ ആദ്യ ഭാര്യയിലാണ് സൽമാൻ ഖാനും സൊഹാലി ഖാനും അർബാസ് ഖാനും പിറന്നത്.
ഹിന്ദി സിനിമകളിലും ടെലിവിഷനിലും പ്രശസ്തനായ നടനും നിർമ്മാതാവും സംവിധായകനുമെല്ലാമായിരുന്നു സഞ്ചയ് ഖാൻ. സഞ്ചയ് ആദ്യം വിവാഹം ചെയ്തത് സെറീൻ ഖാനെയായിരുന്നു. ആ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട് സഞ്ചയ്ക്ക്. മൂത്ത മകൾ ഫറാ ഖാൻ ആണ്. രണ്ടാമത്തെ മകൾ സിമോൺ അറോറ അജയ് അറോറയെ വിവാഹം കഴിച്ചു. ഹൃത്വിക്ക് റോഷന്റെ മുൻ ഭാര്യ സൂസന്നെ ഖാൻ, സയ്യിദ് ഖാൻ എന്നിവരാണ് സഞ്ചയിയുടെ മറ്റ് മക്കൾ. ശേഷം ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ സ്വകാര്യ ചടങ്ങിൽ വെച്ച് സീനത്ത് അമനെ വിവാഹം ചെയ്തു.
ബോളിവുഡ് താരമായ രാജ് ബബ്ബർ ആദ്യ ഭാര്യ നാദിറ സഹീറുമായുള്ള ബന്ധം നിലനിൽത്തികൊണ്ടാണ് രഹസ്യമായി നടി സ്മിത പാട്ടീലിനെ വിവാഹം കഴിച്ചത്. നാദിറയുമായുള്ള ബന്ധത്തിൽ രാജിന് ജൂഹി, ആര്യ എന്നീ രണ്ട് പെൺമക്കളുണ്ട്. സ്മിതയ്ക്ക് രാജിന് പ്രതീക്ക് എന്നൊരു മകനുണ്ട്. പ്രതീക്കിനെ പ്രസവിക്കുന്നതിനിടെയാണ് സ്മിത മരിച്ചത്. ശേഷം ആദ്യ ഭാര്യയുമായുള്ള ബന്ധം രാജ് വീണ്ടും നിലനിർത്തി.
ഗായകൻ ഉദിത് നാരായണന്റെ രണ്ടാമത്തെ ഭാര്യയാണ് ഇപ്പോൾ കൂടെയുള്ള ദീപ. താരത്തിന്റെ ആദ്യ ഭാര്യ രഞ്ജന ഝാ ആയിരുന്നു. ദീപയുമായി പ്രണയത്തിലായ ശേഷം ഉദിത് നാരായൺ ആദ്യ ഭാര്യ രഞ്ജനയെ കുറിച്ച് എവിടേയും പരാമർശിക്കുമായിരുന്നില്ല. അങ്ങനൊരു വിവാഹം താൻ കഴിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതിരിക്കാനും ഉദിത് ശ്രമിച്ചിരുന്നു. സമ്മർദം കൂടിയപ്പോൾ ആദ്യ ഭാര്യ രഞ്ജന ഝായിൽ നിന്നും വിവാഹമോചനം നേടാതെ ഉദിത് ദീപയെ വിവാഹം ചെയ്തു.