ലോകാദ്ഭുതങ്ങളില്‍ ഒന്നാണ് പെറുവിലെ മാച്ചു പിച്ചു. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനഡിയന് സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ മാച്ചു പിച്ചു 100 വര്‍ഷമായി തെറ്റായ രീതിയിലാണ് വിളിക്കപ്പെടുന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നഗരം നിര്‍മിച്ച ഇന്‍ക സാമ്രാജ്യത്തിലെ ഭരണാധികാരികള്‍ നഗരത്തെ ഹൊയ്ന പിച്ചു എന്നാണു വിളിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ട് പറയുന്നത് .
പ്രാദേശികമായ കെച്ചുവ ഭാഷയില്‍ പുത്തന്‍ അല്ലെങ്കില്‍ യുവത്വം എന്നാണ് ഹൊയ്ന അര്‍ഥമാക്കുന്നത്. പര്‍വതശിഖരം എന്നാണ് പിച്ചുവിന്റെ അര്‍ഥം. മാച്ചു എന്നാല്‍ പഴയത് എന്നാണ് അര്‍ഥം. ഇക്കാലമത്രയും പഴയ പര്‍വതം എന്നര്‍ഥമാക്കുന്ന മാച്ചു പിച്ചു എന്നാണ് പുരാവസ്തു പ്രധാന്യമുള്ള ഈ പ്രദേശം അറിയപ്പെടുന്നത്.
1460 ന് അടുത്താണ് ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ് അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന.അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാമിനേക്കാൾ മുൻപ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്.
1981 ൽ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ൽ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോൾ ഇതിനെ പ്രാധാന്യമർഹിക്കുന്ന സാംസ്കാരികമായ സംരക്ഷിത മേഖലയായി കരുതിപ്പോരുന്നു.എന്നാല്‍ അടുത്തിടെ നടത്തിയ ഗവേഷണത്തിലാണ് മാച്ചു പിച്ചുവിന്റെ യഥാര്‍ഥ പേര് മറ്റൊന്നാണെന്നു കണ്ടെത്തിയത്.