കണ്ണൂരിൽ നിന്നും കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വെച്ച് തീപിടിച്ചു. കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജ് വിദ്യാർഥികൾ യാത്ര ചെയ്ത ബസിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ ഓൾഡ് ഗോവയ്ക്ക് സമീപം സാവേലിയിലാണ് അപകടമുണ്ടായത്. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരും രണ്ടു ദിവസത്തെ പഠന യാത്ര കഴിഞ്ഞു വരുമ്പോഴായിരുന്നു അപകടം. ആളപായമില്ല.
ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. ബസിൽ ഷോർട്ട് സർക്യൂട്ടുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പുറകുവശത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ ഡ്രൈവറെ കാര്യമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ റോഡ് സൈഡിലേക്ക് ബസ് ഒതുക്കുകയും ബസിലുളളവരെ പുറത്തിറക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.