പതിനേഴാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിനും ഭാര്യ പ്രിയയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
‘ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയ ഭാര്യേ നിന്നോടൊപ്പം ജീവിതം മികച്ചതായി തുടരുന്നു. ഈ ഡിജിറ്റൽ ലോകത്തിൽ നീയാണ് എന്റെ വേഗതയേറിയ വൈഫൈ. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നിലനിർത്തുന്നു.
ഏതൊരു സാധാരണ ദമ്പതികളെയും പോലെ നമുക്കിടയിലും ചെറിയ വഴക്കുകൾ ഉണ്ടാകാറുണ്ട്. പക്ഷേ രാത്രി അവസാനിക്കുന്നതിന് മുമ്പ് അവ പരിഹരിക്കാനും അടുത്ത ദിവസം മികച്ചതാക്കാനും നമ്മൾ ശ്രദ്ധിക്കാറുമുണ്ട്. ഇന്ന് ഞാൻ നല്ല ചിത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഭൂരിഭാഗം ക്രെഡിറ്റും നിനക്കാണ്..എന്നെ എന്നിൽ വിശ്വസിക്കാനും എല്ലാത്തിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും ഏറ്റവും മികച്ചതിനായി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്..
ഓ പ്രിയേ…എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച മികച്ച കാര്യം. ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു. അതിനിടയിൽ ഞങ്ങളുടെ മകനും ഉണ്ടായിരുന്നത് വളരെ മധുരതരമായി തോന്നി.’എന്നാണ് ചാക്കോച്ചൻ ഫോട്ടോക്കൊപ്പം കുറിച്ചത്.