ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലേത്.. പ്രചാരണം സത്യമോ?

മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ പൗരാവാകാശവും ജനാധിപത്യ പ്രക്രിയകളും സുതാര്യമായിരിക്കില്ല. അതുകൊണ്ടു തന്നെയാണ്  മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിലെ നാലാംതൂണായി അറിയപ്പെടുന്നത്. എന്നാൽ വേൾഡ് എക്കൊണോമിക് ഫോറം (WEF) നടത്തിയ സർവ്വേ പ്രകാരം ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണെന്ന് കണ്ടെത്തി എന്ന തരത്തിൽ ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. ‘ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യൻ മാധ്യമങ്ങൾ’ എന്നുള്ള കുറിപ്പിനൊപ്പം ആണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിലെ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്തുത സർവേപ്രകാരം ഇന്ത്യയിലെ 66 ശതമാനം ജനങ്ങൾക്കും രാജ്യത്തെ മാധ്യമങ്ങളെ വിശ്വാസമാണ്. ഇന്ത്യൻ മാധ്യമങ്ങൾ അഴിമതിക്കാരാണെന്ന് സർവ്വേയിൽ എവിടെയും പറയുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഈ വാർത്ത വരാതിരുന്നത് അവർക്കെതിരെയുള്ള കണ്ടെത്തലുകൾ അടങ്ങിയിട്ടുള്ളത് കൊണ്ടാണെന്നാണ് മറ്റൊരു ആരോപണം. 

എന്നാൽ, അന്വേഷണത്തിൽ 2017 മുതലാണ് ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചില വെബ്സൈറ്റുകളിലും വരാൻ ആരംഭിച്ചത് എന്ന് മനസ്സിലായി. പോസ്റ്ററിലെ വാക്കുകൾ ഫേസ്ബുക്കിൽ അതേപടി തിരഞ്ഞപ്പോൾ ഇതേ പോസ്റ്റ് വർഷങ്ങളായി പ്രചാരത്തിലുള്ളതാണ് എന്ന് കണ്ടെത്താനായി. നേരത്തെ ഉപയോഗിച്ചിരുന്ന പോസ്റ്ററുകളുടെ മധ്യത്തിലായി മലയാളത്തിലെ അറിയപ്പെടുന്ന വാർത്താ അവതാരകരുടെ ചിത്രംകൂടി ചേർത്താണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. 

ആഗോളതലത്തിൽ 28 രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ, വ്യാപാരം, NGOകൾ, മാധ്യമസ്ഥാപനങ്ങൾ എന്നീ രംഗങ്ങളിലുള്ള സ്ഥാപനങ്ങളെ ജനങ്ങൾ എത്രമാത്രം വിശ്വാസത്തിൽ എടുക്കുന്നു എന്ന വിഷയത്തിലാണ് 2017ൽ സർവേ നടന്നത്. ‘The 2017 Edelman Global Trust Barometer’ ആയിരുന്നു സർവ്വേയുടെ സ്രോതസ്. ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള സമൂഹമാധ്യമ ഉപഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ആകെ 32,400 ആളുകളാണ് ഈ സർവ്വേയിൽ പങ്കെടുത്തത്. യഥാർത്ഥത്തിൽ ഈ സർവ്വേ പ്രകാരം ആഗോളതലത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യത 43 ശതമാനം എന്ന എക്കാലത്തെയും താഴ്ന്നനിലയിൽ എത്തിയപ്പോഴും ഇന്ത്യൻ മാധ്യമങ്ങൾക്ക് 66% ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ സാധിച്ചിരുന്നു. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾ പുലർത്തിപ്പോരുന്ന നിലവാരമാണ് ഇതിന് കാരണമായി സൂചിപ്പിച്ചിരുന്നത്.

ക്വാർട്സുമായി  നടത്തിയ ഒരു ആശയവിനിമയത്തിന്റെ വിവരങ്ങളും 2017 മാർച്ചിൽ നൽകിയ റിപ്പോർട്ടിൽ ബൂംലൈവ് ഉൾപ്പെടുത്തിയിരുന്നു.  ഇതുപ്രകാരം മാധ്യമങ്ങളേക്കാൾ വിശ്വാസ്യത ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും എൻജിഒകളും ജനങ്ങൾക്കിടയിൽ ആസ്വദിക്കുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും തന്നെ ഈ പട്ടികയിൽ നിന്നും അനുമാനിക്കേണ്ടതില്ല. പട്ടികയിൽ ഓസ്ട്രേലിയയ്ക്ക് താഴെയായി രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം എന്നതിനർത്ഥം ലോകത്തെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത രണ്ടാമത്തെ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണ് എന്നല്ല. അക്ഷരമാലാക്രമത്തിൽ രാജ്യങ്ങളുടെ പേരുകൾ നൽകിയതുകൊണ്ടാണ് ഓസ്ട്രേലിയയും അയർലൻഡിനും ഇടയിൽ രണ്ടാമതായി ഇന്ത്യ വന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണ് എന്ന പ്രചാരണം തെറ്റാണെന്നു വ്യക്തമാക്കാം. 

Tags: Fake News

Latest News