ദുബൈ: യു.എ.ഇയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇന്നലെ നിലവിൽ വന്നത്.പെട്രോളിന് 16 ശതമാനത്തിലേറെ വില വർധിച്ചപ്പോൾ ഡീസലിൻറെ വില 26 ശതമാനം ഉയർന്നു. ഡിസൽ വില ലിറ്ററിന് നാല് ദിർഹം കടന്നു.
റഷ്യ-യുക്രൈയിൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാൻ കാരണം. 2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന പെട്രോൾ ഡീസൽ വിലയാണ് ഇന്നലത്തേത്. സൂപ്പർ പെട്രോളിൻറെ വില 3.23 ദിർഹമിൽ നിന്ന് 3.74 ദിർഹമായി. സ്പെഷ്യൽ പെട്രോളിന് 3.12 ദിർഹമിൽ നിന്ന് 3.62 ദിർഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിർഹമിൽ നിന്ന് 3.55 ദിർഹമായി. ഡീസൽ വില ലിറ്ററിന് 3.19 ദിർഹമിൽ നിന്ന് 4.02 ദിർഹമായി ഉയർന്നു.