തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. ഫയർഫോഴ്സ് മേധാവി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ശുപാർശ നൽകിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റെസ്ക്യൂ ആന്റ് റിലീഫ് പദ്ധതിയുടെ സംസ്ഥാനതല പരിപാടിയിൽ പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്.
പരിശീലനത്തിന് അനുമതി നൽകിയ റീജണൽ ഫയർ ഓഫീസർ, നേതൃത്വം നൽകിയ ജില്ലാ ഫയർ ഓഫീസർ, പരിശീലനം നൽകിയ മൂന്ന് ഫയർമാൻമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ നൽകിയത്. ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 30 ന് ആലുവ പ്രിയദർശിനി ടൗൺഹാളിൽ വെച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.
പരിപാടിക്ക് എത്തിയവർക്ക് ആലുവ ഫയർ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ ദുരന്ത നിവാരണ പരിശീലനം നൽകിയെന്നാണ് ആരോപണം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു. അതേസമയം പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ഫയർഫോഴ്സ് എറണാകുളം റീജിയണൽ ഓഫീസിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അവിടെ നിന്നും നിർദേശിച്ചത് അനുസരിച്ചാണ് തങ്ങൾ പോയതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.