മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടത്തി. ഇനിയും ഒരാളെകൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. പ്രദേശത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.
അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്താലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇടക്ക് പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് തടസ്സങ്ങൾ നേരിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിലാണ് ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതവും വ്യാഴാഴ്ച ഒരാളുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.