മനാമ: ജീവനക്കാരുടെ പെൻഷൻ തുക ആറു ശതമാനം വർധിപ്പിക്കാനുള്ള നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. കഴിഞ്ഞ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ വർധിപ്പിക്കുന്നത്. 95,000ലധികം ബഹ്റൈനികളുടെ പെൻഷൻ കുടിശ്ശിക അവരുടെ അക്കൗണ്ടുകളിലേക്ക് ഉടൻ ലഭിക്കുമെന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അസ്സാലിഹ് പറഞ്ഞു.
1976ലെ സോഷ്യൽ ഇൻഷുറൻസ് നിയമത്തിലും 1975ലെ സിവിൽ സർവിസ് വേജസ് ആൻഡ് പെൻഷൻ നിയമത്തിലും വരുത്തിയ ഭേദഗതികളാണ് കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിലിന്റെ അസാധാരണ സമ്മേളനത്തിൽ ഏകകണ്ഠമായി അംഗീകരിച്ചത്. പാർലമെൻറിന്റെ അംഗീകാരത്തെത്തുടർന്ന് ഭേദഗതി നിർദേശങ്ങൾ അംഗീകാരത്തിനായി ഹമദ് രാജാവിന് സമർപ്പിച്ചു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പെൻഷൻകാർക്ക് തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. 2021 ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടെങ്കിലും പരമാവധി വർധന 60 ദിനാറായി പരിമിതപ്പെടുത്തും.