മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
വെറും 31 പന്തിൽ എട്ടു സിക്സും രണ്ടു ഫോറും സഹിതം 70 റൺസെടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ വിജയശിൽപി. 23 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന സാം ബില്ലിങ്സ് പിന്തുണ നൽകി.
അജിൻക്യ രഹാനെ (11 പന്തിൽ 12), വെങ്കെടേഷ് അയ്യർ (7 പന്തിൽ 3), ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ (15 പന്തിൽ 26), നിതീഷ് റാണ(പൂജ്യം) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ.
പഞ്ചാബിനായി രാഹുല്‍ ചാഹര്‍ രണ്ടുവിക്കറ്റെടുത്തപ്പോള്‍ റബാദയും സ്മിത്തും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 18.2 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടായി. നാലുവിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിന്റെ നടുവൊടിച്ചത്.
ഒൻപത് പന്തിൽ 31 റണ്‍സെടുത്ത ഭാനുക രാജപക്സെയാണ് പഞ്ചാബ് നിരയിൽ ടോപ് സ്കോറർ. റബാഡ- 25, ലിവിംഗ്സ്റ്റണ്-19, ശിഖർ ധവാൻ-16, രാജ് ബവ-11 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
കോൽക്കത്തയ്ക്കായി ഉമേഷിനു പുറമേ സൗത്തി രണ്ട് വിക്കറ്റും ശിവം മവി, സുനിൽ നരെയ്ൻ, റസൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.