കൊച്ചി: സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടണമെന്ന് നടി റിമ കല്ലിങ്കല്‍. വിമണ്‍ ഇന്‍ സിനിമാ കളക്ടീവാണ് ഹേമ കമ്മീഷന് വേണ്ടി മുന്‍കൈ എടുത്തതും പോരാടിയതും. റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും അത് പുറത്ത് വിടണമെന്ന ആഗ്രഹം തങ്ങള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുമുണ്ടെന്നും റിമ മാധ്യമങ്ങളോട് പറഞ്ഞു.
“റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഇപ്പോള്‍ തന്നെ വൈകിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്നറിയാന്‍ കാത്തിരിക്കുകയാണ്. വുമന്‍ ഇന്‍ കലക്ടീ(ഡബ്ല്യുസിസി)വാണ് ഇതിനൊരു മുന്‍കൈ എടുത്തതും പോരാടിയതും. ഞങ്ങള്‍ എല്ലാവരുടേയും ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണ് ഇതിന് പിന്നിലുള്ളത്. ആ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന ആവശ്യം ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാര്‍ക്കുമുണ്ട്. നികുതിപ്പണം ചെലവാക്കി നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വരണമെന്നത് എല്ലാവരുടേയും ആവശ്യമാവണം. ഞങ്ങളുടേത് മാത്രമാവരുത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. നാടിനും സിനിമാ മേഖലയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഇനിയും ചോദിച്ചുകൊണ്ടിയിരിക്കും”, റിമ കല്ലിങ്കല്‍ പറഞ്ഞു.
നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്. സിനിമയില്‍ ആഭ്യന്തരപ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉടന്‍ പുതിയ നിയമനിര്‍മ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാന് നേരത്തെ പറഞ്ഞിരുന്നു.