മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലെ ദേഹുവിൽ മത്സ്യ-മാംസ വിൽപനക്ക് ഇന്നു മുതൽ നിരോധനം. പുതുതായി ഭരണത്തിലേറിയ ദേഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് നിരോധനമേർപ്പെടുത്താന്‍ തീരുമാനമായത്.
ഫെബ്രുവരിയിൽ എല്ലാ പാർട്ടികളും ഐകകണ്ഠേന അംഗീകരിച്ച പ്രമേയമാണ് ഇന്നു മുതൽ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ദേഹുവിലെ മാംസ-മത്സ്യ വിൽപ്പനക്കാർക്ക് കടകൾ അടച്ചിടാന്‍ മാർച്ച് 31 വരെ കൗൺസിൽ സമയപരിധി നൽകിയിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം.