കോഴിക്കോട്: യുവതി മരിച്ച കേസിൽ ആത്മഹത്യ പ്രേരണകുറ്റം (Suicide) ചുമത്തി ഭർത്താവിനും കാമുകിക്കും കോടതി കഠിനതടവും പിഴയും വിധിച്ചു. ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതി കല്ലുരുട്ടി കൽപുഴായി പുല്പറമ്പിൽ പ്രജീഷ് (36) എന്നയാളെ ഏഴ് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും, രണ്ടാം പ്രതി കല്ലുരുട്ടി വാപ്പാട്ട് വീട് ദിവ്യ (33) എന്നയാളെ അഞ്ച് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ ആണ് വിധി പുറപ്പെടുവിച്ചത്.
25.5.2019 ന് ഒന്നാം പ്രതിയുടെ കല്ലുരുട്ടിയിലുള്ള വീട്ടിലെ കിണറ്റിൽ ചാടി ഭാര്യ നീന (28) ആത്മഹത്യ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. ഒന്നും രണ്ടും പ്രതികൾ തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തതിൽ, ഒന്നാം പ്രതി നീനയെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതികൾ ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും മരണത്തിന് പ്രേരിപ്പിക്കുകയും തുടർന്ന് നീന ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. കോടതി വിധിച്ച പിഴസംഖ്യ ഒന്നാം പ്രതിയുടെയും മരിച്ച നീനയുടെയും കുട്ടികൾക്ക് നൽകണം. പിഴ സംഖ്യ നൽകിയില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവ് അനുഭവിക്കണം. മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ കേസിൻ്റെ തെളിവിലേക്ക് 20 സാക്ഷികളെ വിസ്തരിക്കുകയും 30രേഖകളും 2തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു