കൊച്ചി: അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന് പറഞ്ഞു.
ദുരന്ത ലഘൂകരണത്തിനായി ജനങ്ങളുടെ മുന്നറിയിപ്പുകള്കൂടി പരിഗണിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുരുത്തിപ്പുറം ഗവ.എല്‍.പി.സ്കൂള്‍ പരിസരത്തുനടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളാല്‍ ബുദ്ധിമുട്ടുന്ന പറവൂര്മേഖലയുടെ ആവശ്യകതയാണ് ഈ ദുരിതാശ്വാസ അഭയകേന്ദ്രമെന്ന് വി.ഡി സതീശന് പറഞ്ഞു.
സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്കാരം നേടിയ പറവൂര്‍ സ്വദേശി കെ.ജി സുശീലയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തമ്പുരാട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.ജി ശശി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.കെ. ഷാരി, പറവൂര്‍ തഹസില്‍ദാര്‍ ജി വിനോദ് കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.കെ ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.