കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തുടര്‍ച്ചയെന്നോണം ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം മേളയില്‍ പങ്കെടുക്കാനാവാതിരുന്ന മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള സിനിമാപ്രേമികള്‍ക്ക് മികച്ച ചിത്രങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്ന ചലച്ചിത്ര അക്കാദമി വലിയൊരു സാംസ്കാരിക ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.
എറണാകുളം സരിത തിയറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആയിരുന്നു അധ്യക്ഷന്‍. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്, അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി വ്യക്തമാക്കി.