പ്രകൃതി സ്നേഹികളെ ആകർഷിക്കുന്ന ഒരു രാജ്യമാണ് തായിലാൻഡ്. തായിലാൻഡിലെ പൈ നഗരത്തിലേക്ക് യാത്രപോകുന്ന സഞ്ചാരികൾക്ക് എന്നും അതൊരു വിസ്മയമായി തന്നെ അവശേഷിക്കും.രാജ്യത്തെ മറ്റു ടൂറിസം സ്പോട്ടുകളില്നിന്നു വ്യത്യസ്തമായി സഞ്ചാരികളുടെ തിരക്കില്ലാത്ത ശാന്തസുന്ദരമായ ഇടം എന്നതാണ് പൈയുടെ പ്രധാന ആകർഷണം.
മ്യാൻമർ അതിർത്തിക്കടുത്തുള്ള, വടക്കൻ തായ്ലൻഡിലെ മേ ഹോങ് സോൺ പ്രവിശ്യയിലുള്ള ഒരു ചെറിയ പട്ടണമാണ് പൈ. പൈ നദിയിലാണ് സ്ഥിതിചെയ്യുന്നത് എന്നതിനാലാണ് പട്ടണത്തിന് ആ പേര് വന്നത്. ഒരു കാലത്ത് ഷാൻ വംശജർ വസിച്ചിരുന്ന ഒരു കമ്പോളഗ്രാമമായിരുന്ന പൈ ഇന്ന് വിനോദസഞ്ചാര കേന്ദ്രമാണ് .ഗ്രാമവാസികളുടെ പ്രധാന വരുമാന മാർഗവും വിനോദ സഞ്ചാരമാണ്.
ഗെസ്റ്റ് ഹൗസുകള്‍, സുവനീർ ഷോപ്പുകൾ, റസ്റ്ററന്റുകൾ എന്നിവയും സ്പാകളും എലിഫന്റ് ക്യാംപുകളുമെല്ലാം പൈയിലുണ്ട്. കൂടാതെ യോഗ, മെഡിറ്റേഷൻ റിട്രീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു വെൽനസ് സങ്കേതം കൂടിയാണ് പൈ.പൈയിൽ സന്ദർശിക്കാൻ ആകർഷകമായ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്, ആ കാഴ്ചകളിൽ മികച്ചതാണ് പാമ്പോക്ക് വെള്ളച്ചാട്ടം. തായ് പൈയിലെ ചൂടുനീരുറവകള്‍ സന്ദർശിക്കാം, ഭീമാകാരമായ വെള്ള ബുദ്ധപ്രതിമ, തം ലോഡ് ഗുഹ എന്നിവയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പെടുന്നു.മനോഹരമായ കാലാവസ്ഥയും ചൂടുനീരുറവകളും അതിശയകരമായ പ്രകൃതിയുമെല്ലാം ചേര്‍ന്ന് സ്വപ്നസമാനമായ അന്തരീക്ഷമാണ് ഇവിടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.