അവസാന ഓവർവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ ജയന്റ്സിന് ആറുവിക്കറ്റ് ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം മൂന്നുബോൾ ശേഷിക്കെ ലക്നൗ മറികടന്നു.
പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി. രാഹുൽ 26 ബോളിൽ 40 റൺസും ഡീകോക്ക് 45 ബോളിൽ 61 റൺസും നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആയുഷ് ബടോണിയും ലക്നൗവിന്റെ വിജയത്തിൽ മുഖ്യ പങ്ക് വഹിച്ചു.
ചെന്നൈക്ക് വേണ്ടി ഡ്വയിൻ പ്രിട്ടോറിയസ് രണ്ടു വിക്കറ്റും ഡ്വയിൻ ബ്രാവോ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. അര്‍ദ്ധസെഞ്ചുറി നേടിയ റോബിന് ഉത്തപ്പയും തകര്‍ത്തടിച്ച ശിവം ദുബെയുമാണ് ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
27 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്സറും അടക്കം 50 റൺസാണ് ഉത്തപ്പ നേടിയത്. 30 പന്തിൽ നിന്ന് 49 റൺസാണ് ദുബെ നേടിയത്. മോയിന്‍ അലി 22 പന്തിൽ 35 റൺസ് നേടി. ധോണി ആറു പന്തിൽ നിന്ന് 16 റൺസ് നേടി പുറത്താകാതെ നിന്നു.
ലക്നൗവിന് വേണ്ടി ആവേശ് ഖാൻ രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.