ന്യൂഡൽഹി: യുക്രെയ്നിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്റോവ് ഡൽഹിയിലെത്തിയത്.
സെർജി ലാവ്റോവ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഉന്നത റഷ്യൻ നേതാവാണ് ലാവ്റോവ്.
ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രൂസിന്റെ സന്ദർശനത്തിനൊപ്പമാണ് ലാവ്റോവും ഡൽഹിയിലെത്തിയത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയിരുന്നു.
റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയതിൽ യു.എസും ആസ്ത്രേലിയയും അതൃപ്തി അറിയിച്ചിരുന്നു. റഷ്യക്കെതിരെ യു.എസും സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധത്തെ പൊളിക്കുന്നതാണ് പുതിയ നീക്കമെന്നാണ് യു.എസിന്റെ വിമർശനം.
റഷ്യ യുക്രെയ്നിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.