ലാഹോര്‍: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് സ്പീക്കറുടെ പ്രഖ്യാപനം. പ്രമേയം ചർച്ചചെയ്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു.
തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു. സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിൻവലിച്ചതോടെയാണ് ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായിരുന്നു.
അവിശ്വാസപ്രമേയം പിന്‍വലിക്കുന്നതിന് പ്രതിപക്ഷവുമായി ഒരു ധാരണയിലെത്താന്‍ ഇമ്രാന് ഖാന് നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രമേയത്തില്‍ നടക്കേണ്ട ചര്‍ച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്. അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ സഭ പിരിച്ചുവിടാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാന് ഖാന് നിര്ദേശംവെച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാന് ഖാന് പ്രത്യേക ദൂതന് മുഖേന കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വര്‍ത്തിക്കും. എന്നാല്‍ ഇമ്രാന് ഖാന് വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. സഹോദരനായ നവാസ് ഷരീഫ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനഭ്രഷ്നാക്കപ്പെട്ട ശേഷം പാകിസ്താൻ മുസ്ലിം ലീഗ്- എൻ വിഭാഗത്തിന്റെ പ്രസിഡന്റാണ് ഷഹബാസ്.
പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തികൂടിയാണ് ഷഹബാസ്. 1997-ലാണ് അദ്ദേഹം ആദ്യമായി പഞ്ചാബിൽ മുഖ്യമന്ത്രിയായത്. 1999ൽ പർവേസ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യം വിട്ട ഷഹബാസ് എട്ട് വർഷം സൗദി അറേബ്യയിൽ അഭയാർഥിയായി കഴിഞ്ഞു. 2007ൽ സഹോദരൻ നവാസ് ഷരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തിയ ഷഹബാസ് 2008ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ൽ വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി. 2018ൽ പിഎംഎൽ-എൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അധികാരത്തിൽ നിന്ന് പുറത്തായത്.
അധികാരം നിലനിര്‍ത്താന്‍ 172 പേരുടെ പിന്തുണയാണ് ഇമ്രാന് വേണ്ടത്. ഏഴ് അംഗങ്ങളുള്ള എം.ക്യു.എം. മുന്നണി വിട്ടതോടെ ദേശീയ അസംബ്ലിയില്‍ ഇമ്രാന് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 176 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.