ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യഹര്‍ജികളിലാണ് നിലപാട് അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തമിഴ്നാട് അനുകൂലിച്ചു.
അതേസമയം, തര്‍ക്കവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിച്ചു. അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരളം ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാമെന്ന തമിഴ്നാടിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കണമെന്ന കേരളത്തിന്റെ നിലപാട് തമിഴ് നാടും അംഗീകരിച്ചില്ല.
എന്നാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മേല്‍ നോട്ട സമിതിയുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചാക്കാമെന്ന നിര്‍ദ്ദേശത്തെ ഇരു സംസ്ഥാനങ്ങളും പിന്തുണച്ചു. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചത്. രാജ്യത്തെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. താല്‍ക്കാലിക അതോറിറ്റി നിലവില്‍ വന്നു. അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതോറിറ്റിക്ക് പരിശോധിക്കാന്‍ സാധിക്കും.
മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.