ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയുമെല്ലാം വളരെയധികം വികസിച്ചിട്ടും ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങള്‍ ഉണ്ട്. കാണാൻ വളരെയധികം ഭംഗിയും ഭൂപ്രകൃതിയിലും സമ്പന്നതയിലും മുന്നിലാണെങ്കിലും ഈ രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ ഇല്ല.
ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങള്‍
വത്തിക്കാന്‍ സിറ്റി
വിസ്തീർണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറുതും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായ വത്തിക്കാനിലും വിമാനത്താവളമില്ല. വത്തിക്കാൻ സിറ്റി ഹെലിപോർട്ടാണ് വത്തിക്കാൻ സിറ്റിയിലെ ഏക വ്യോമയാന സൗകര്യം. ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഗേജ് റെയിൽവേയും ഇവിടെയുണ്ട്.
മൊണാക്കോ
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് പടിഞ്ഞാറൻ യൂറോപ്പിലെ മൊണാക്കോ. ലോകത്തിലെ ഏറ്റവും ചെലവേറിയതും സമ്പന്നവുമായ ഇടങ്ങളില്‍ ഒന്നാണിവിടം. മൊണാക്കോയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. മൊണാക്കോയിലും വിമാനത്താവളമില്ല, ഫോണ്ട്വിയിൽ ജില്ലയില്‍ മൊണാക്കോ ഹെലിപോർട്ടാണ് ഉള്ളത്. ഫ്രാൻസിലെ നൈസ് കോറ്റ് ഡി അസൂർ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
അൻഡോറ
പടിഞ്ഞാറൻ യൂറോപ്പിലെ, 450 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ രാജ്യമാണ് അൻഡോറ. കൃത്യമായിപ്പറഞ്ഞാല്‍ പൈറീനെസ്സ് പർവതനിരകൾക്ക് സമീപം സ്പെയിനിനും ഫ്രാൻസിനും ഇടയിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമായ അൻഡോറയില്‍ ഒരു ലക്ഷം പോലും ജനസംഖ്യയില്ല. യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമെന്ന ഖ്യാതിയുള്ള അൻഡോറ ലാവെല്ലയാണ് ഇതിന്റെ തലസ്ഥാനം. കൂടാതെ, ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനമാണ് അൻഡോറയ്ക്കുള്ളത്.
സമ്പത്തും സമൃദ്ധിയും സന്തോഷവും കളിയാടുന്ന അൻഡോറ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രതിവര്‍ഷം ഒരു കോടിയിലേറെ സഞ്ചാരികൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ അൻഡോറയില്‍ വിമാനത്താവളമില്ല. പകരം മൂന്ന് സ്വകാര്യ ഹെലിപോർട്ടുകളുണ്ട്. ജനസംഖ്യയും ഭൂവിസ്തൃതിയും അനുസരിച്ച്, വിമാനത്താവളമില്ലാത്ത ഏറ്റവും വലിയ രാജ്യമാണിത്.
സാൻ മരീനോ
മനോഹരമായ ആല്‍പൈന്‍ പര്‍വതനിരകള്‍ക്ക് സമീപത്തായാണ് വെറും 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള സാൻ മരീനോ എന്ന യൂറോപ്യന്‍ രാജ്യം സ്ഥിതിചെയ്യുന്നത്. ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. ലോകത്തില്‍ ആദ്യമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവിൽ വന്നതും സാൻ മരീനോയിലാണ്.
സാൻ മരീനോയിലും വിമാനത്താവളമില്ല. ഇവിടെയുള്ള ബോർഗോ മാഗിയോറിൽ ഒരു ഹെലിപോർട്ടുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍ ഇറ്റലിയിലെ റിമിനി എയർപോർട്ട്, ബൊലോഗ്ന എയർപോർട്ട് എന്നിവയാണ്.
ലിച്ചെൻസ്റ്റീന്‍
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലിച്ചെൻസ്റ്റീന്‍. പടിഞ്ഞാറൻ യൂറോപ്പിലാണ് പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം. ജർമൻ ഭാഷ സംസാരിക്കുന്ന ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. ലിച്ചെൻസ്റ്റീനില്‍ വിമാനത്താവളമില്ല, തെക്കു ഭാഗത്തുള്ള പട്ടണമായ ബാൽസേഴ്സിൽ ഒരു ഹെലിപോർട്ട് ഉണ്ട്. സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലൻ-അൾടെൻറെയ്ൻ എയർപോർട്ടും ജർമനിയിലെ ഫ്രെഡ്രിക്ഷാഫെൻ എയർപോർട്ടുമാണ് ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളങ്ങൾ. ഇവിടെ നിന്നു ബസോ ട്രെയിനോ വഴി ലിച്ചെന്സ്റ്റീനിലേക്ക് പോകാം.