ലോക ട്രാൻസ്ജെണ്ടർ വിസിബിലിറ്റി ഡേ ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജൻഡറും കൂടിയായ രഞ്ജു രഞ്ജിമാർ.ട്രാൻസ്ജെണ്ടർ വിഗത്തിൽപെട്ട തന്റെ എല്ലാകൂട്ടുകാർക്കും ഫേസ്ബുക് പേജിലൂടെ ആശംസ അറിയിച്ചിരിക്കുന്നത് . തന്റെ ചിത്രങ്ങൾ ഉൾപ്പടെയുള്ള ഒരു കുറിപ്പും രഞ്ജു രഞ്ജിമാർ പങ്കുവെച്ചിട്ടുണ്ട്.പൊരുതി നേടിയതിന്റെ ആത്മസംതൃപ്തി, പലരുടേയും പോരാട്ടത്തിന് ഫലമായി ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ തലയുയർത്തി പിടിച്ചു നിൽക്കുവാനും അവരുടെ ഇടങ്ങൾ കണ്ടെത്തുവാനും ആയിടങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്നാണ് തന്റെ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
രഞ്ജു രഞ്ജിമാരുടെ ഫേസ്ബുക് കുറിപ്പ്
”ലോക ട്രാൻസ്ജെണ്ടർ വിസിബിലിറ്റി ഡേ,
ആകാശത്ത് നക്ഷത്രങ്ങൾ മിന്നി മിനുങ്ങുന്നതുപോലെ ഞങ്ങളിൽ പലരെയും കണ്ടു തുടങ്ങിയ ദിവസം. ട്രാൻസ്ജെൻഡർ എന്ന പദം ഒരുവാക്ക് മാത്രമല്ല, അത് വേദനയുടെ കലവറയാണ്, പോരാട്ടങ്ങളുടെ നിലവറയാണ്, ആശിച്ച സത്വത്തിലേക്ക് പൊരുതി നേടിയ വിജയത്തിൽ,എത്തുമ്പോൾ ഞങ്ങളുടെ കണ്ണുകളിൽ കാണുന്ന തിളക്കം വരും തലമുറയ്ക്ക് കൈമാറാനുള്ള ഊർജ്ജമാണ്.
ഒരുപക്ഷേ ഈയൊരു ദിവസത്തിന് മുമ്പേ തന്നെ ഞങ്ങളിൽ പലരും ഇവിടെ ഉണ്ടായിരുന്നു തിരിച്ചറിയാതെ പോവുകയും തിരിച്ചറിയപ്പെടാതെ ഇരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഒരുപക്ഷേ എനിക്കു മുമ്പേ ഉള്ളവരുടെ പോരാട്ടങ്ങളുടെ ഫലമായി ആയിരിക്കാം ഇന്ന് ലോക ട്രാൻസ്ജെൻഡർ വിസിബിലിറ്റി ഡേ ആചരിക്കുന്നത്, കാണുന്നവർക്ക്, കേൾക്കുന്നവർക്ക് ഞങ്ങൾ ചിലപ്പോൾ പരിഹാസം ആയിരിക്കാം, ചിലപ്പോൾ പ്രഹസനം ആയിരിക്കാം പക്ഷേ തീരാവേദനകളിലൂടെ ഒരു കടൽ നീന്തി കടന്നു അക്കരെ എത്തുന്നതിന് ആ ഒരു ആത്മസന്തോഷം, അല്ലെങ്കിൽ പൊരുതി നേടിയതിന്റെ ആത്മസംതൃപ്തി, പലരുടേയും പോരാട്ടത്തിന് ഫലമായി ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ തലയുയർത്തി പിടിച്ചു നിൽക്കുവാനും അവരുടെ ഇടങ്ങൾ കണ്ടെത്തുവാനും ആയിടങ്ങൾ വേണ്ടത്ര രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയട്ടെ,
വിദ്യാഭ്യാസവും, തൊഴിലിടങ്ങളും, കലാ മേഖലകളും ആരുടെയും കുത്തകയല്ല എന്ന് ഓർമ്മപ്പെടുത്തട്ടെ അവിടമൊക്കെ ഞങ്ങൾക്കും കൂടി ഉള്ളതാണ്, ഞങ്ങളെ നോക്കി പരിഹസിക്കുന്നവർ ഒരു നിമിഷം സ്വയം നെഞ്ചത്ത് കൈ വെച്ച് ഒന്ന് ചോദിച്ചു നോക്കാം മറ്റുള്ളവരെ കളിയാക്കുവാനും പരിഹസിക്കാനും നമുക്ക് എന്ത് യോഗ്യതയാണ് ഉള്ളത്, സ്വയം തിരിച്ചറിയുകയും അതിൽ ഉറച്ചു നിന്ന് ജീവിക്കുവാൻ പൊരുതുകയും ചെയ്യുന്ന ഒരു ജനതയാണ് ഞങ്ങളുടേത് ഞങ്ങളെ കല്ലെറിയുവാൻ നിങ്ങൾക്ക് യോഗ്യതയില്ല, പരസ്പരം സ്നേഹിച്ചും കൈകോർത്തു പരസ്പരം സഹായിച്ചും, നമുക്ക് മുന്നോട്ടു പോകാം അങ്ങനെ തുല്യത എന്ന പദത്തിന് അർത്ഥം ഉണ്ടാകട്ടെ അതിലൂടെ വരും തലമുറയിൽ തുല്യത നിലനിൽക്കട്ടെ
എന്റെ എല്ലാ പ്രിയ കുട്ടികൾക്കും ട്രാൻസ്ജെണ്ടർ വിസബിലിറ്റി ഡേ ആശംസകൾ” .