മസ്കത്ത്: ഒമാനിൽ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 10 ആയി. ബുധനാഴ്ച അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ആരിദ് പ്രദേശത്ത് അപകടമുണ്ടായത്.
ജോലി സ്ഥലത്ത് തൊഴിലാളികൾക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏഴ് മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ രണ്ട് മൃതദേഹങ്ങളും ഉച്ചയ്ക്ക് ശേഷം ഒരു മൃതദേഹവും കൂടി കണ്ടെടുത്തു. യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഇനിയും കണ്ടെത്താനുള്ള നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.