തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശികകേന്ദ്രം ഡയറക്ടർ ഡോ. എ. എസ്. പ്രതീഷ് സമ്പാദനവും പഠനവും നിർവഹിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗിരീഷ് പുലിയൂർ കവിത പഠനം സംഭാഷണം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഭാവർമയ്ക്ക് നൽകി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പ്രകാശനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, കവി ഗിരീഷ് പുലിയൂർ, ഡോ. എ. എസ്. പ്രതീഷ്, എഡിറ്റർ ബിന്ദു. എ എന്നിവർ പങ്കെടുത്തു.
സാമൂഹികപ്രതിബദ്ധതയുടെ അടയാളമാണ് പുലിയൂർ കവിതകൾ. കവിതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുശീലിന്റെ മൊഴിവഴക്കങ്ങൾ പുലിയൂർക്കവിതകളുടെ ശക്തിസൗന്ദര്യങ്ങളാണ്. 1985 മുതൽ കേരളത്തിലെ കലാലയങ്ങൾക്ക് പ്രിയപ്പെട്ട കവിയായിരുന്ന തനിനാട്ടിൻപുറത്തുകാരനായ ഗിരീഷ് പുലിയൂരിന്റെ കവിതകളുടെ സൗന്ദര്യശാസ്ത്രത്തെ അടയാളപ്പെടുത്തുന്ന 480 പേജുള്ള പുസ്തകമാണിത്. ഈ ഗ്രന്ഥത്തിൽ മൂന്ന് ഭാഗങ്ങളിലായി പുലിയൂരിന്റെ 65 കവിതകൾ, 42 പഠന ലേഖനങ്ങൾ, സംഭാഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. 480രൂപ വിലയുള്ള ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.