മോസ്കോ: തുർക്കിയിൽ നടന്ന റഷ്യ – യുക്രെയ്ൻ സമാധാന ചർച്ചകളിൽ വലിയ വഴിത്തിരിവുകളുണ്ടാകാൻ സാധ്യതയില്ലെന്ന് റഷ്യ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഇസ്താംബൂളിൽ തുർക്കി പ്രസിഡൻറ് ഉർദുഗാൻറെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നത്.
പ്രതീക്ഷ നൽകുന്ന എന്തെങ്കിലും മുന്നേറ്റം ചർച്ചയിൽ ഉണ്ടായതായി പറയാൻ സാധിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കിയവ് തങ്ങളുടെ ആവശ്യങ്ങൾ രേഖോമൂലം വിശദീകരിക്കാൻ തുടങ്ങിയത് ശുഭസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ പ്രസ്താവന നടത്തുന്നത് ശ്രദ്ധാപൂർവ്വം ഒഴിവാക്കുകയാണെന്നും ചർച്ചകൾ നിശബ്ദമായി നടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അർത്ഥവത്തായ ചർച്ചയാണ് തുർക്കിയുടെ മധ്യസ്ഥതയിൽ നടന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത റഷ്യൻ പ്രതിനിധി പ്രതികരിച്ചിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കിയവിന് സമീപമുള്ള സൈനിക പ്രവർത്തനം കുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും വടക്കൻ നഗരമായ ചെർനീവിൽ ബോംബാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.