പട്ന: ബിഹാറിലെ ഛപ്രയിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. ഛപ്ര എയർപോട്ടിന് സമീപത്തെ ആസാദ് ചന്ദ്രശേഖർ മിഡിൽ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണം വിളമ്പിയപ്പോൾ വിദ്യാർഥിനിയുടെ പ്ലേറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. അതിന് മുമ്പ് ഏകദേശം 25-ാളം വിദ്യാർഥികളെങ്കിലും ഭക്ഷണം കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
പ്രിൻസിപ്പൽ അനിൽകുമാർ ഉടൻ സിവിൽ സർജനെയും സിറ്റി പൊലീസിനെയും വിവരമറിയിച്ചു. സദർ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം സ്‌കൂളിലെത്തി കുട്ടികൾക്ക് പരിശോധന നടത്തി. വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല.
ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ഓക്കാനം അനുഭവപ്പെട്ടതായും ഭക്ഷണത്തിൻറെ സാമ്പിളുകൾ ഭഷ്യസുരക്ഷാ സംഘം ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
















