സാമ്പത്തികമായി ശ്രീലങ്ക തകർന്നടിഞ്ഞ് കിടക്കുകയാണ്.ഇപ്പോഴിതാ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ഇന്ത്യയോട് 100 കോടി ഡോളർ കൂടി കടം ചോദിച്ചിരിക്കുകയാണ് ശ്രീലങ്ക. കഴിഞ്ഞയാഴ്ച നൽകിയ 100 കോടി ഡോളർ വായ്പ ഉപയോഗിച്ചു ഭക്ഷണവും ഇന്ധനവും രാജ്യത്തു ലഭ്യമാക്കിത്തുടങ്ങിയതിനു പിന്നാലെയാണ് അരി, ഗോതമ്പുപൊടി, പയർവർഗങ്ങൾ, പഞ്ചസാര, മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്കായി കൂടുതൽ സഹായം ഇപ്പോൾ തേടിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടൽ മേഖലയിലെ രാജ്യങ്ങളുടെ സാമ്പത്തിക, സാങ്കേതിക മേഖലകളിലെ സഹകരണത്തിനുള്ള കൂട്ടായ്മയായ ബിംസ്ടെക് സമ്മേളനത്തിനായി ഞായറാഴ്ച രാത്രി ലങ്കയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ഇന്നലെ ശ്രീലങ്കൻ ധനകാര്യ മന്ത്രി ബാസിൽ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘അയൽക്കാർക്ക് ആദ്യം’ എന്ന തുറന്ന സമീപനം ശ്രീലങ്കയോട് എന്നുമുണ്ടാകുമെന്നു വ്യക്തമാക്കിയ മന്ത്രി കൂടുതൽ സഹായങ്ങൾ നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും അറിയിക്കുകയും ചെയ്തു.