ഇടുക്കി: മൂന്നാറിൽ പണിമുടക്കിനിടെയുണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ രാജയെ തള്ളിയ എസ്ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോയിലേക്ക് ആണ് മാറ്റിയത്. എ രാജ എംഎൽഎയെ മർദിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെതാണ് ഉത്തരവ്.
മൂന്നാർ ടൗണിൽ ചൊവ്വാഴ്ച 12മണിയോടെയായിരുന്നു സംഭവം. പണിമുടക്കുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തവെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. തുടർന്ന് പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ എം.എൽ.എ താഴെ വീണു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.