ഹേഗ്: റഷ്യയുടെ ചാരവൃത്തിക്ക് തടയിടാൻ ഡസൻ കണക്കിന് നയതന്ത്രപ്രതിനിധികളെ പുറത്താക്കി യൂറോപ്യൻ രാജ്യങ്ങൾ. യുക്രെയ്ൻ അധിനിവേശത്തോടെയാണ് റഷ്യയുമായുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ബന്ധം താറുമാറായത്.
ദേശീയ സുരക്ഷക്ക് ഭീഷണിയായതിനാൽ 17 റഷ്യൻ ഇന്റലിജൻസ് ഓഫിസർമാരെ പുറത്താക്കിയതായി നെതർലൻഡ്സ് അറിയിച്ചു. നയതന്ത്രപ്രതിനിധികളെന്ന വ്യാജേനയാണ് ഇവർ രാജ്യത്ത് കടന്നുകൂടിയത്. വിദേശകാര്യമന്ത്രാലയം രെ വിളിച്ചുവരുത്തിയശേഷം രാജ്യം വിടാൻ ആവശ്യപ്പെടുകയായിരുന്നു. രാജ്യത്ത് ഇന്റലിജൻസ് സംഘങ്ങളുടെ ഭീഷണി അടുത്തിടെ വർധിച്ചതായും അധികൃതർ സൂചിപ്പിച്ചു.
72 മണിക്കൂറിനകം രാജ്യം വിടണമെന്ന് ചെക് റിപ്പബ്ലിക് റഷ്യൻ നയതന്ത്രപ്രതിനിധിക്ക് നിർദേശം നൽകി.
അതുപോലെ നാല് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ രാജ്യം വിടണമെന്ന് അയർലൻഡും ആവശ്യപ്പെട്ടു.പോളണ്ട് കഴിഞ്ഞ 45 റഷ്യൻ ഇന്റലിജൻസ് ഓഫിസർമാരെ പുറത്താക്കിയിരുന്നു. യു.എസ്, പോളണ്ട്, ബൾഗേറിയ,എസ്തോണിയ, ലിത്വേനിയ, ലാത്വിയ,മോണ്ടിനെഗ്രോ രാജ്യങ്ങളും അടുത്തിടെ സമാന നടപടി കൈക്കൊണ്ടിരുന്നു.