സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്കിന്റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. അക്രമ സംഭവങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവൻ പറഞ്ഞു.
”ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങൾ തടഞ്ഞിട്ടുണ്ടാകും. തടയുകയാണെങ്കിൽ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് സമരം. ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലുണ്ടോ? അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. തൊഴിലാളികൾ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ ജനങ്ങൾക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മൾ ആക്ഷേപിക്കാൻ പാടില്ല”-വിജയരാഘവൻ പറഞ്ഞു.
സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ കോടതി ഉത്തരവിനെതിരെയും വിജയരാഘവൻ രംഗത്തെത്തി. പണിമുടക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ആർക്കെങ്കിലും ആശുപത്രിയിൽ പോകേണ്ടി വരുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാർ തകർത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും, പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ തിരിച്ചയച്ചു. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ, ടയറിന്റെ കാറ്റഴിച്ചു വിട്ടു. അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ സമരാനുകൂലികൾ മർദിച്ചു. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെയാണ് മർദിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് സമരാനുകൂലികൾ അടപ്പിച്ച പെട്രോൾ പമ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ തുറപ്പിച്ചു. പമ്പ് തുറന്നതറിഞ്ഞ് സമരാനുകൂലികൾ വീണ്ടുമെത്തി കല്ലെറിയുകയായിരുന്നു.