കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണമെന്ന് കെപിസിസി. മാധ്യമങ്ങളിലടക്കം അംഗത്വമെടുക്കാൻ ആളില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. പ്രവർത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
മാർച്ച് 25 മുതൽ 31 വരെയാണ് കെ.പി.സി.സി മെമ്പർഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെ പേപ്പർ അംഗത്വവും ചേർക്കാവുന്നതാണെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ, പേപ്പർ അംഗത്വം ചേർക്കൽ പുരോഗമിക്കുകയാണ്. എന്നാൽ പ്രാരംഭ ഘട്ടത്തിലെ ഡിജിറ്റൽ അംഗത്വ കണക്ക് പ്രസിദ്ധീകരിച്ച് കോൺഗ്രസിൽ ചേരാൻ ആളുകളില്ലെന്ന പ്രചാരണമാണ് നടത്തുന്നത്.
കെ-റെയിലിൽ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോകുന്ന നൈരാശ്യത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ സൈബർ ഗ്രൂപ്പുകളിൽ സൃഷ്ടിക്കപ്പെടുന്നത്. മെമ്പർഷിപ്പ് പ്രവർത്തനം അവസാനിക്കുമ്പോൾ ഇത്തരം തെറ്റായ വാർത്തകൾ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെ.പി.സി.സി സൂചിപ്പിച്ചു.