തൃശൂർ: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച തേക്കിൻകാട് ഫെസ്റ്റിന് സമാപനം. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോവിഡ് മൂലം ഉപജീവനം നഷ്ടപ്പെട്ട കലാകാരൻമാർക്ക് സർക്കാരിൻ്റെ നേതൃത്വത്തിലുള്ള ഇത്തരം കലാപ്രകടനങ്ങൾ ഏറെ സഹായകമാണെന്ന് ക്ഷേമാവതി പറഞ്ഞു. തേക്കിൻകാട് ഫെസ്റ്റിവൽ അടുത്ത വർഷങ്ങളിലും വിപുലമായി നടക്കട്ടെ എന്നും ക്ഷേമാവതി ആശംസിച്ചു.
സംഘകല മണ്ണുത്തിയുടെ ആവേശോജ്ജ്വലമായ നാടൻ പാട്ടവതരണത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി “സ്വാതന്ത്ര്യാനന്തര കേരളവും സാംസ്കാരിക മുന്നേറ്റവും” എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എഴുത്തുകാരെ ഉൾപ്പെടെ ഒന്നിച്ച് നിർത്താൻ കഴിയുന്ന രീതിയിൽ വിശാലമായ ഒരു സാഹിത്യ സങ്കൽപ്പത്തെ സ്വരൂപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൽ സാഹിത്യത്തിന്റെ ഊർജ്ജം തിരിച്ചു പിടിക്കേണ്ടതുണ്ട്. ലിംഗപരമായും വർഗ്ഗപരമായും വംശപരമായുമുള്ള വ്യത്യാസങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഒരു മനുഷ്യ സങ്കൽപ്പമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.