തൃശൂർ: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 18 മുതല്‍ 24 വരെ ഒരാഴ്ച നീണ്ടു നില്ക്കുന്ന മെഗാ എക്സിബിഷനും വിപണന മേളയും സംഘടിപ്പിക്കും. തേക്കിന് കാട് മൈതാനിയില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും കലാ, സംഗീത പരിപാടികളും അരങ്ങേറും.
150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ ഫാമുകള്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ആദിവാസി വിഭാഗങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവ പ്രദര്‍ശന വിപണന മേളയുടെ ഭാഗമാവും.
അക്ഷയ, ഐടി മിഷന്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എംപ്ലോയ്മെന്റ്, കാര്‍ഷിക വികസനം, ക്ഷീര വികസനം, ഭക്ഷ്യ സുരക്ഷ, കേരള വാട്ടര്‍ അതോറിറ്റി, വനിതാ ശിശുവികസനം, കെഎസ്ഇബി, നിപ്മര്‍ തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ സൗജന്യമായി ജനങ്ങള്ക്കെത്തിക്കുന്ന ഇരുപതോളം യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ സവിശേഷതയാണ്.
ആധാര്‍ ഉള്‍പ്പെടെയുള്ള അക്ഷയ സേവനങ്ങള്‍, ജനന- മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, മണ്ണ്- ജല പരിശോധനകള്‍, ജീവിത ശൈലീ രോഗനിര്‍ണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന, വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, പാല് ഗുണനിലവാര പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ് തുടങ്ങിയ വിവിധ സേവനങ്ങള്‍ യൂട്ടിലിറ്റി സ്റ്റാളുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. അതോടൊപ്പം സര്‍ക്കാരിന്റെ വിവിധ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുകയും അവ ലഭ്യമാക്കുന്നതിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന തീം സ്റ്റാളുകളും എക്സിബിഷനില്‍ ഒരുക്കും.