നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു എന്നാൽ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദൃശ്യങ്ങൾ നടന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ നേരിടുന്നത്. ഇത് രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. മൂന്ന് മാസത്തിനിടയില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുക. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ നിഷേധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എസ് ശ്രീജിത്ത് അറിയിച്ചു.