തകര്‍ത്തടിച്ച് തെവാട്ടിയ; ലഖ്‌നൗവിനെ അഞ്ചുവിക്കറ്റിന് തകർത്ത് ഗുജറാത്ത്

മുംബൈ: ഐപിഎല്ലിൽ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.
 
അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറും അഭിനവ് മനോഹറും നടത്തിയ വെടിക്കെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്. തെവാട്ടിയ 24 പന്തിൽ 40 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ ഡേവിഡ് മില്ലർ 21 പന്തിൽ 30 റൺസെടുത്ത് പുറത്തായി. 

ലക്‌നൗവിനായി ദുഷന്ത് ചമീര രണ്ട് വിക്കറ്റെടുത്തപ്പോൾ ആവേശ് ഖാനും ക്രുനാൽ പാണ്ഡ്യയും ദീപക്ക് ഹൂഡയും ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. യുവതാരം ആയുഷ് ബഡോനിയുടെയും ദീപക് ഹൂഡയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ലഖ്‌നൗ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 87 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി.
  
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഗുജറാത്തിനായി തിളങ്ങിയത്.  വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.