കറാച്ചി: പാകിസ്ഥാന്റെ ടി ട്വന്റി ലീഗായ പാകിസ്ഥാന് സൂപ്പര്‍ ലീഗിനെ എത്ര ശ്രമിച്ചാലും ഐപിഎല്ലിന്റെ അത്ര മികച്ചതാക്കാന്‍ സാധിക്കില്ലെന്ന് പാകിസ്ഥാന് മുന്‍ താരം ഡാനിഷ് കനേറിയ. വളരെ പ്രൊഫഷണല്‍ ആയിട്ടാണ് ബിസിസിഐ, ഐപിഎല്‍ നടത്തുന്നതെന്നും ആ മികവ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ഇല്ലെന്നും കനേറിയ പറഞ്ഞു.
പിഎസ്എല്ലിനെ ഐപിഎല്‍ പോലെ മികച്ചതാക്കണമെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍ റമീസ് രാജ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഒരു പാകിസ്ഥാന് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡാനിഷ് കനേറിയ നിലവിലെ പാകിസ്ഥാന് ക്രിക്കറ്റിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കിയത്.
ഐപിഎലിലൂടെ നിരവധി താരങ്ങളെ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും പിഎസ്എൽ വഴി പാകിസ്താന് അങ്ങനെയൊരു ഗുണം ലഭിക്കുന്നില്ലെന്നും കനേരിയ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശക്തി ഐപിഎല്‍ ആണെന്നും നിരവധി അന്താരാഷ്ട്ര താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പറഞ്ഞ കനേറിയ പി എസ് എല്‍ പാകിസ്ഥാന് ക്രിക്കറ്റിന് എന്താണ് നല്‍കിയതെന്നും ചോദിച്ചു.
“നിരവധി മികച്ച താരങ്ങളെ ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിനു സമ്മാനിക്കുന്നുണ്ട്. ഓരോ സീസണിലും അത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, പിഎസ്എൽ പാകിസ്താൻ ക്രിക്കറ്റിന് പ്രത്യേകിച്ച് ഒരു ഗുണമൊന്നും ചെയ്യുന്നില്ല. ഒരു താരം പിഎസ്എലിൽ നന്നായി കളിച്ചാൽ, പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ അൺപ്രൊഫഷണൽ സമീപനം കാരണം ആ താരത്തിന് ദേശീയ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാറില്ല.”- കനേരിയ പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് പറഞ്ഞു.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ബി സി സി ഐയെ പോലെ ഒട്ടും പ്രോഫഷണല്‍ അല്ലെന്നും ഏതെങ്കിലും ക്രിക്കറ്റ് താരങ്ങള്‍ പി എസ് എല്ലില്‍ നിന്ന് ഉയര്‍ന്നു വന്നാല്‍ തന്നെ പിസിബിക്കുള്ളിലെ രാഷ്ട്രീയ വടംവലിയില്പ്പെട്ട് അവരുടെ കരിയര്‍ അപ്പോള്‍ തന്നെ നശിക്കുമെന്നും കനേരിയ കുറ്റപ്പെടുത്തി. പാകിസ്ഥാന് ക്രിക്കറ്റിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇന്ത്യന്‍ ക്രിക്കറ്റിനെ പോലെ ആകണമെന്ന് സ്വപ്നം കാണുന്നതില്‍ കാര്യമില്ലെന്നും ഇന്ത്യ പാകിസ്ഥാന് എത്തിപ്പിടിക്കാവുന്നതിലും ഉയരെയാണെന്നും കനേരിയ വ്യക്തമാക്കി.
ഐപിഎലിലെ താരലേലം ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും സീസൺ മുതൽ നടപ്പാക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ അറിയിച്ചിരുന്നു. ഐപിഎൽ പോലെ പണക്കിലുക്കമുള്ള ലീഗായി പിഎസ്എൽ മാറുമ്പോൾ ആരാണ് ഇത് ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.