കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ആലുവ പൊലീസ് ക്ലബിൽ തുടരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പതിനൊന്നരയോടെ നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയായിരുന്നു.
കേസിന്റെ തുടരന്വേഷണത്തിൽ ആദ്യമായാണ് ദിലീപും ക്രൈംബ്രാഞ്ചും മുഖാമുഖം വരുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ഇന്നെത്തിയത്. ചോദ്യങ്ങളെ സമർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക.
63 ദിവസം മുൻപ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യൽ. ആലുവ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തിന് ഹാജരാകാനായിരുന്നു നിർദേശം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.