കൽപറ്റ: വയനാട് ജില്ലയിലെ പനമരത്തും സെൻറ് ഓഫിൻറെ പേരിൽ വിദ്യാർത്ഥികളുടെ സാഹസിക പ്രകടനം. കണിയാമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർഥികളുടെ അഭ്യാസ പ്രകടനം വിവാദമായതിന് പിന്നാലെ നാലു പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പനമരം ഹയർ സെക്കന്ററി സ്കൂളിലും യാത്രയയപ്പ് ദിവസം വിദ്യാർഥികൾ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ ദൃശ്യങ്ങൾ പുറത്തു വന്നത്. പനമരത്ത് കാറുകളിലും ബൈക്കുകളിലും വിദ്യാർഥികൾ സ്കൂൾമുറ്റത്ത് റേസിങ് അഭ്യാസങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയിലായിരുന്നു വിദ്യാർഥികളുടെ സാഹസികപ്രകടനങ്ങൾ നടന്നത്.
പെൺകുട്ടികളും ആൺകുട്ടികളും ബുള്ളറ്റുകളിലും ബൈക്കിലും കാറിലുമായി അപകടകരമായരീതിയിൽ റേസിങ് നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്. ഹെൽമറ്റ് പോലും ധരിക്കാതെയായിരുന്നു ബൈക്കിലെ അഭ്യാസ പ്രകടനങ്ങൾ. അധ്യാപകർ നോക്കിനിൽക്കെ സ്കൂൾ കവാടവും കടന്ന് വാഹനങ്ങളുമായി സ്കൂൾമുറ്റത്തെത്തി അഭ്യാസപ്രകടനങ്ങൾ നടത്തുകയായിരുന്നു. കാറിന്റെ ഡോറിലും മറ്റും വിദ്യാർഥികൾ നിൽക്കുന്നുമുണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു സ്കൂളിലേക്ക് വാഹനങ്ങൾ ഇരച്ചെത്തിയത്. ഇതുകണ്ട് അധ്യാപകർ നിസ്സഹായരായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.