കുവൈത്ത് സിറ്റി: കുവൈത്തിൽ മസ്ജിദുകളിൽ നിബന്ധനകളോടെ ഇഫ്താർ നടത്താൻ അനുമതി. അതത് ഗവർണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതി വാങ്ങി നിബന്ധനകളോടെ ഇഫ്താർ അനുവദിച്ച് മതകാര്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. നേരത്തേ അനുമതി നിഷേധിച്ച് ഉത്തരവിറങ്ങിയിരുന്നു. ഹാളിൽ മഗ്രിബ് ബാങ്കിന് 20 മിനിറ്റ് മുമ്പ് ഷീറ്റ് വിരിക്കണമെന്നും ഇഫ്താർ കഴിഞ്ഞ ഉടൻ ഷീറ്റ് മടക്കി വൃത്തിയാക്കണമെന്നും സർക്കുലറിൽ പറയുന്നു. വൃത്തിയായി സൂക്ഷിക്കാൻ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ട്. മസ്ജിദ് ഇമാം ഇത് ഉറപ്പുവരുത്തണം. പള്ളിമുറ്റത്ത് റമദാൻ തമ്പ് കെട്ടാൻ അനുമതിയില്ല. കോമ്പൗണ്ടിന് പുറത്ത് കെട്ടുന്ന തമ്പിന് മസ്ജിദിൽനിന്ന് വൈദ്യുതി കണക്ഷൻ എടുക്കാനും പാടില്ലെന്ന് അധികൃതർ അറിയിച്ചു.