2017 ഒക്ടോബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു 11 ജില്ലകളിലൂടെ കടന്ന് പോകുന്ന കോവളം – കാസർഗോഡ് ജലപാതയ്ക്ക് വേണ്ടിയുള്ള സർവേ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞ കാര്യം അറിയിച്ചത്. 2020 മെയ് മാസത്തോടെ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സമയവും കഴിഞ്ഞ് ഒരു വര്ഷമാകാറായപ്പോൾ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.
സിൽവർ ലൈൻ ട്രെയിൻ കേരളത്തിൽ സ്ഥാപിക്കുമെന്ന സംസ്ഥാന സർക്കാരിന്റെയും കെ റെയിലിന്റെയും പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജലപാത വീണ്ടും ചർച്ചയാകുന്നത്. സിൽവർ ലൈനിനായി സ്ഥലമെടുപ്പിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും തമ്മിൽ വലിയ തർക്കങ്ങൾ തന്നെ ഉണ്ടായി. ജലപാതയുടെ കാര്യത്തിലെന്ന പോലെ സിൽവർ ലൈൻ കാര്യത്തിലും കാലതാമസം ഉണ്ടായാൽ നഷ്ടപരിഹാരം കിട്ടുകയുമില്ല ജനങ്ങളുടെ ജീവിതം ത്രിശങ്കുവിലാകുകയും ചെയ്യുമെന്ന കോണിലാണ് ഇപ്പോൾ വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്.
കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോര്‍ഡിന്‍റെ ആദ്യയോഗം നടന്നതിന് പിന്നാലെയായിരുന്നു 2017 ൽ മുഖ്യമന്ത്രി മൂന്ന് വർഷത്തിനകം പദ്ധതി നാപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. സിയാലിനും സംസ്ഥാന സർക്കാരിനും 49 ശതമാനം വീതമുള്ള തുല്യ പങ്കാളിത്തമുള്ള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് എന്ന കമ്പനി. ഈ കമ്പനിയാണ് പദ്ധതി നടപ്പിലാക്കേണ്ടിയിരുന്നത്. 2 ശതമാനം ഓഹരി മറ്റുള്ളവർക്ക് നല്കാനുമായിരുന്നു തീരുമാനം.
2017 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്
കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോര്‍ഡിന്‍റെ ആദ്യയോഗം തീരുമാനിച്ചു. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കും. ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കാനാണ് തീരുമാനം. പദ്ധതിക്കുവേണ്ടി വര്‍ക്കലയില്‍ ടണല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ടണല്‍ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ക്കല ടണലിന് 12 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും. കൊല്ലം-കോവളം ഭാഗത്തെ ജലപാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബര്‍ 15-നകം നാറ്റ്പാക് സമര്‍പ്പിക്കും. മാഹി-വളപ്പട്ടണം സര്‍വ്വേ കമ്പനി തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്‍റെ രൂപരേഖ ഡിസംബര്‍ അവസാനം നാറ്റ്പാക് സമര്‍പ്പിക്കും.
നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങള്‍ പണിയേണ്ടിവരും. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ 2019-ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.
എന്താണ് ഇപ്പോഴത്തെ സ്ഥിതി?
ദേശീയ ജലപാതയിൽ 160 കിലോമീറ്ററിലെ ജോലികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്രത്തിനു ഇനിയും കൈമാറിയിട്ടില്ല. വൈകാതെ കൈമാറുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പിന്നാലെ അനുമതി ലഭിക്കുന്ന മുറക്കെ ദേശീയ ജലപാത പൂർണമാകൂ. അതേസമയം തന്നെ പ്രതിയോഗികൾ ആരോപിക്കുന്നത് പോലെ ജലപാത വെറും വാക്കായിട്ടില്ല. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്.
ഇതുവരെ എന്തെല്ലാം നടന്നു?
ദേശീയ ജലപാതയിൽ കൊല്ലം–കോഴിക്കോട് 328 കിലോമീറ്റർ വരുന്ന സെക്ടറിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ 166 കിലോമീറ്റർ ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
കൊല്ലം ചവറ കോവിൽത്തോട്ടത്ത് നടപ്പാലം, ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നാവിഗേറ്റഡ് ലോക് കം ബ്രിജ് എന്നിവയുടെ നിർമാണം നടക്കുന്നു. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി.
പൊന്നാനി–ചേറ്റുവ കനാൽ തുടങ്ങുന്ന വെളിയങ്കോട് നബാർഡ് സഹായത്തോടെ നാവിഗേറ്റഡ് ലോക് കം ബ്രിജ് നിർമിക്കാൻ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
കോവളം മുതൽ വർക്കല കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടിവരുന്ന 1275 കുടുംബങ്ങളുടെ പുനരധിവാസത്തിന് കിഫ്ബി ധനസഹായത്തോടെ 247.20 കോടി രൂപയുടെ ഭരണാനുമതി നൽകി.
കോഴിക്കോട് – ബേക്കൽ കനോലി കനാൽ വികസനത്തിന് 1218 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പാക്കാൻ തത്വത്തിൽ അനുമതി നൽകി.
മാഹി–വളപട്ടണം 26.5 കിലോമീറ്റർ കനാൽ പുതുതായി നിർമിക്കേണ്ടി വരും. ഇതിന് സ്ഥലമേറ്റെടുക്കാൻ 650 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചു. സർവേ നടപടികൾ പൂർത്തിയായി വരുന്നു.
നീലേശ്വരം ബേക്കൽ 6.5 കിലോമീറ്റർ കനാൽ പുതുതായി നിർമിക്കണം. ഇതിനു സ്ഥലമേറ്റെടുക്കാൻ 159 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചു.
പടത്തിയുടെ ഭാഗമായി കുടിയൊഴിപ്പിക്കേണ്ട കുടുംബങ്ങൾക്കുള്ള പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റുകൾ സർക്കാർ നിർമിച്ചു നൽകുകയോ, വസ്തു വാങ്ങി വീടു വയ്ക്കാൻ താൽപര്യമുള്ളവർക്കു ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീടു വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.
ചുരുക്കത്തിൽ, 2020 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച ജലപാത ഒരു വര്ഷത്തിനിപ്പുറവും പൂർത്തിയായിട്ടില്ലെങ്കിലും പദ്ധതി മുന്നോട്ടു പോകുന്നുണ്ട് എന്നതാണ് സത്യം. സമയബന്ധിതമായി പദ്ധതികൾ കേരളത്തിൽ പൂർത്തിയാകുന്നത് അപൂർവതയാണ് എന്നതിനാൽ ഈ കാലതാമസം നമുക്ക് ശീലമാണ്. പല പദ്ധതികളും കടലാസിൽ ഉറങ്ങുന്നതിനാൽ ജലതപാത ഇഴഞ്ഞെങ്കിലും നീങ്ങുന്നുണ്ടെന്ന് നമുക്ക് ആശ്വസിക്കാം.