മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് ബാഗ്ലൂരിനെ തകർത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്, ഭാനുക രജപക്സ എന്നിവര്‍ പഞ്ചാബിനായി മികച്ച തുടക്കമിട്ടപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച ഒഡീന്‍ സ്മിത്താണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി മായങ്ക് – ധവാന് ഓപ്പണിങ് സഖ്യം 43 പന്തില്‍ നിന്ന് 71 റണ്‍സ് അടിച്ചുകൂട്ടി മിന്നുന്ന തുടക്കം സമ്മാനിച്ചു. മായങ്ക് 24 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത് മടങ്ങി. ധവാന് 29 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്തു. നാല് സിക്സറുകളുടെയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ വെറും 22 പന്തിൽ നിന്നാണ് രാജ്പക്സെ 43 റൺസെടുത്തത്.
അവസാന ഓവറുകളിൽ ഒഡെയാൻ സ്മിത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിനെ വിജയതീരമണച്ചത്. ഒഡെയാൻ മൂന്ന് സിക്സുകളുടെയും ഒരു ഫോറിന്റേയും അകമ്പടിയിൽ 25 റൺസെടുത്തു. അവസാന ഓവറുകളിൽ ഒഡെയാന് ഷാറൂഖാൻ മികച്ച പിന്തുണയാണ് നൽകിയത്. രണ്ട് സിക്സറുകളുടേയും ഒരു ഫോറിന്റേയും അകമ്പടിയില്‍ ഷാറൂഖാന് 24 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെയും 41 റണ്‍സെടുത്ത വിരാട് കോഹ്ലിയുടേയും മികവിലാണ് 205 റണ്‍സ് പടുത്തുയര്‍ത്തിയത്. ഡുപ്ലെസിസ് ഏഴ് സിക്സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ 88 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മൂന്നാമനായിറങ്ങിയ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചു. 14 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളും മൂന്ന് ഫോറുകളുടേയും അകമ്പടിയില്‍ കാര്‍ത്തിക്ക് 35 റണ്‍സെടുത്തു. അനൂജ് റാവത്ത് 21 റണ്‍സെടുത്ത് പുറത്തായി.