ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു. സംഭവത്തിൽ മോനു എന്ന സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ ദ്വാരകയിലാണു സംഭവം. സ്കൂളിനു പുറത്തുവച്ചു നടന്ന തർക്കത്തിനിടെയാണ് ഖുർഷിദ് കൊല്ലപ്പെട്ടത്. തർക്കത്തിലേർപ്പെട്ട രണ്ടു വിദ്യാർഥികളിൽ ഒരാളാണ് ഖുർഷിദിനെ സംഭവസ്ഥലത്തേക്കു വിളിച്ചതെന്നാണു വിവരം.
വെടിയേറ്റയുടനെ ഖുർഷിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.