ബേസൽ: സ്വിസ് ഓപ്പൺ വനിതാ കിരീടം ഇന്ത്യയുടെ പിവി സിന്ധുവിന്. തായ് ലന്റ് താരം ബുസാനൻ ഒങ്ബാംറുങ്ഫാനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെടുത്തിയത്. ഈ സീസണിൽ സിന്ധുവിന്റെ രണ്ടാം സിംഗിൾസ് കിരീടമാണിത്.
സ്കോർ: 21-16, 21-8.
രണ്ടു തവണ ഒളിംപിക് മെഡൽ നേടിയിട്ടുള്ള സിന്ധു, വെറും 49 മിനിറ്റിനുള്ളിലാണ് ബുസാനനെതിരായ കലാശപ്പോരാട്ടത്തിൽ ജയിച്ചു കയറിയത്. ഇതോടെ, ബുസാനനുമായി 17 തവണ ഏറ്റുമുട്ടിയതിൽ 16 തവണയും വിജയം നേടിയെന്ന റെക്കോർഡും സിന്ധുവിനു സ്വന്തം. 2019ലെ ഹോങ്കോങ് ഓപ്പണിൽ മാത്രമാണ് സിന്ധു ബുസാനനോട് പരാജയപ്പെട്ടത്.
അതേമസയം, പുരുഷന്മാരുടെ ഫൈനലിൽ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് തോറ്റു. ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയോടാണ് ലോക 26ാം റാങ്കുകാരനായ പ്രണോയിയുടെ പരാജയം. റാങ്ക് പട്ടികയിൽ പ്രണോയിയേക്കാൾ 18 സ്ഥാനം മുകളിലാണ് ജോനാഥൻ. സ്കോർ: 12-21, 18-21.