കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന ശ്രീലങ്കയിൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് നീങ്ങുന്നു. പ്രവർത്തനത്തിന് പണമില്ലാത്തതിനാൽ വിവിധ രാജ്യങ്ങളിലെ എംബസികൾ ശ്രീലങ്ക അടച്ചുപൂട്ടി. ഇറാഖ്, ഓസ്ട്രേലിയ, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ എംബസികളാണ് അടച്ചത്. ഇന്ധനവില കുതിച്ചുയർന്നതോടെ മണിക്കൂറുകളോളം ക്യൂ നിന്നാലേ ഇന്ധനം ലഭിക്കൂ എന്ന അവസ്ഥ രാജ്യത്ത് ഉണ്ട്.
പെട്രോൾ പമ്പിൽ കൃത്യമായ വിതരണത്തിന് കാവലായി ശ്രീലങ്കൻ പട്ടാളത്തെ സർക്കാർ നിയമിച്ചു.ഇന്ധനവില ഒറ്റയടിക്ക് 20 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ 254 രൂപ എന്നത് 303 രൂപയായി മാറി. രാജ്യത്ത് അച്ചടി മഷി ക്ഷാമമുളളതിനാൽ പരീക്ഷകൾ മാറ്റി. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ രണ്ടായിരം ടൺ അരി ശ്രീലങ്കയ്ക്ക് നൽകാൻ ചൈന തീരുമാനിച്ചു. ഇന്ധനക്ഷാമം പരിഹരിക്കാനുളള ഇടപെടൽ നടത്തിയ ഇന്ത്യ 40,000 ടൺ ഡീസൽ ലങ്കയ്ക്ക് നൽകും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ നാളെ ലങ്കയിൽ എത്തുകയും ചെയ്യും.