ഇന്ത്യയെക്കാൾ പണത്തിന് മൂല്യം കുറഞ്ഞ രാജ്യമാണ് ശ്രീലങ്ക. കാലങ്ങളായി അവികസിത രാജ്യമായി തുടരുന്ന ശ്രീലങ്ക നേരിടുന്നത് കടുത്ത പരീക്ഷണമാണ്. ചരിത്രത്തിലിതുവരെ സംഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക. വിദേശ നാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്റിനെതിരെ കലാപവുമായി തെരുവിലിറങ്ങിയതോടെയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഇതിനെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ ഉടനടി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടർന്നു.
കഴിഞ്ഞാഴ്ച ഒരു ഡോളർ കൊടുത്തു ശ്രീലങ്കൻ രൂപ ആക്കിയാൽ 275 രൂപയായിരുന്നെങ്കിൽ ഇന്ന് 340 ശ്രീലങ്കൻ രൂപയാണ്.വിദേശ നാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. പെട്രോൾ അടിക്കാൻ ദിവസം മുഴുവൻ നീളുന്ന ക്യുവിൽ നിന്ന് മരിച്ചുവീഴുന്നവർ,ഭക്ഷ്യക്ഷാമം,മരുന്ന് ക്ഷാമം എന്നീ പ്രതിസന്ധികളായിൽ വലയുന്ന ശ്രീലങ്കൻ ജനത,കരുതൽ ധനം പൂർണമായും തീർന്ന അവസ്ഥ,7 മണിക്കൂർ നീളുന്ന അനിയന്ത്രിത പവർ കട്ട്,വിലക്കയറ്റം, ഇറക്കുമതി ചെയ്യുന്നവയ്ക്കൊന്നും ബില്ല് അടയ്ക്കാൻ കഴിയാതെ സർക്കാർ ,ഉത്തരമെഴുതാൻ വിദ്യാർഥികൾക്ക് കടലാസ് കൊടുക്കാൻ കഴിയാദി പരീക്ഷ വരെ മാറ്റിവെച്ചു എന്നത് തന്നെ ശ്രീലങ്കയുടെ നിലവിലെ അവസ്ഥ എത്രത്തോളം ഭീതിജനകമാണ് എന്ന് കാണിക്കുന്നതാണ്. ഇങ്ങനെ പൂർണമായും ശ്രീലങ്ക നേരിടുന്നത് സമ്പൂർണ അരാജകത്വമാണ്.
റേഷൻ കടകളിൽ നിന്ന് ഭക്ഷ്യ സാധങ്ങൾ വാങ്ങാൻ നീണ്ടക്യു ആണ് ശ്രീലങ്കയിൽ .വിദേശ നാണ്യശേഖരം കുറഞ്ഞതോടെ ഭക്ഷ്യ സാധനങ്ങളിൽ നല്ലൊരു പങ്കും ഇറക്കുമതി ചെയ്തിരുന്ന ശ്രീലങ്കക്ക് ഇപ്പോൾ അതിനു കഴിയുന്നില്ല.ശ്രീലങ്കയിൽ രാസവളം നിരോധനം വന്നതോടെ ഇവിടുത്തെ കാർഷിക മേഖല ആകെ തകർന്നു.രാസവളം നിലച്ചതോടെ വിളവ് മൂന്നിൽ രണ്ടു കുറഞ്ഞു. അതു വൻപ്രതിഷേധത്തിനിടയാക്കിയപ്പോൾ നിരോധം പിൻവലിച്ചു. വളവും ഭക്ഷണവും ഇറക്കുമതി പൂർവാധികം വർധിച്ചത് ഉള്ള നാണ്യനിക്ഷേപവും ദരിദ്രമാക്കുന്ന നിലയിലെത്തിച്ചു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല തകർന്നടിഞ്ഞതോടെയാണ് ലങ്കയിൽ വിദേശനാണ്യ കമ്മി രൂക്ഷമായത്. ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ധാരാളം ടൂറിസ്റ്റുകളെത്തുന്നു. ടൂറിസം സെക്ടറിലെ തിരിച്ചടിയെ തുടർന്ന് അഞ്ച് ലക്ഷം പേർ ദാരിദ്ര്യ രേഖക്ക് താഴെ എത്തിയെന്നാണ് ലോക ബാങ്കിന്റെ കണക്ക്. കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയിൽ കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ കൃത്യമായ അനുപാതം നിലനിന്നിരുന്നില്ല. ശ്രീലങ്കയിലെ വിദേശനാണ്യ ശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യൺ ഡോളറോളം വിദേശ കടവുമുണ്ട്.
പ്രശ്നം രൂപപ്പെടുന്നുവെന്നറിഞ്ഞ് 2021 ൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റം, മൂല്യ ശോഷണം സംഭവിച്ച നാണയം, വിദേശ നാണയ ശേഖരത്തിലെ ഇടിവ് എന്നിവയെല്ലാം കൂടിയാണ് നിലവിലെ ഗുരുതര സാഹചര്യമൊരുക്കിയത്. കറൻസിയുടെ മൂല്യം അടിക്കടി താഴ്ന്നുകൊണ്ടിരുന്നത് വിദേശനാണ്യത്തിന്റെ വരവിനെയും സ്തംഭനത്തിലേക്കു എത്തിച്ചു. പരിഹാരമായി ഗവൺമെന്റ് കണ്ടെത്തിയതെല്ലാം ശ്രീലങ്കയെ പ്രതിസന്ധിയിലാക്കി. രണ്ട് വർഷങ്ങളായി ജനങ്ങൾ ഒരുപാട് ദുരിതത്തിലാണ്. ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ നടപടി കൂടി വന്നതോടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിക്കാത്ത അവസ്ഥയിലായി.
കൂടാതെ രജപക്സ സർക്കാറിന്റെ പരിഷ്കാരങ്ങൾ കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പ്രതിസന്ധി പരിഹരിക്കാൻ ഗവൺമെന്റ് കൈക്കൊണ്ട നടപടികളെല്ലാം കൂടുതൽ പ്രതികൂലമായി. ഊഹക്കച്ചവടക്കാർ പൂഴ്ത്തിവെപ്പിനും അതുവഴി വിലക്കയറ്റത്തിനും വഴിയൊരുക്കുകയാണ് എന്നാരോപിച്ച് സൈന്യത്തെ അവശ്യസാധനവിതരണം ഏൽപിച്ചതോടെ വ്യാപാരികൾ അസംതൃപ്തിയിലായി. ഉൽപന്നങ്ങളുടെ വിതരണം അപര്യാപ്തമാവുകയും വില അസ്ഥിരപ്പെടുകയും ചെയ്തു.
വിദേശ നാണയ ശേഖരം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ചൈനയുമാള്ള സ്വതന്ത്ര വ്യാപാരക്കരാർ യാഥാർത്ഥ്യമാക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. നിലവിൽ ഏഴ് മില്യൺ ഡോളറോളം വിദേശ കടം ശ്രീലങ്കക്കുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയും ചൈനയുടെയും മറ്റും സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഈ വർഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കക്ക് നൽകി.
1948 ന് ശേഷം ഏറ്റവും ഗുരുതരമായ സാഹചര്യമാണിപ്പോൾ. പതിറ്റാണ്ടുകൾക്കിപ്പുറം സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ വിദേശനാണയ കരുതൽ ഒരു ബില്യൺ ഡോളറിലും താഴെയെത്തിയതിനാൽ വിദേശകടം വീട്ടാനാകാതെ രാജ്യം കൂടുതൽ തകരുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെയും മുന്നറിയിപ്പ്.ശ്രീലങ്കയ്ക്ക് ഈ വിഷമസന്ധി തരണം ചെയ്യാൻ കടുത്ത സാമ്പത്തിക അച്ചടക്കവും ചെലവുചുരുക്കലും അനിവാര്യവുമാകും. വീണ്ടുവിചാരമില്ലാതെ കടമെടുത്ത് പ്രതിസന്ധിയിലാകുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് ശ്രീലങ്ക.നൽകുന്നത്.