തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഓഫീസ് അറ്റൻഡന്റ് പി. എസ്. സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പണത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിവറേജസ് കോർപറേഷൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഉദ്യോഗാർത്ഥികൾ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്ന് കോർപറേഷൻ എം. ഡി അറിയിച്ചു.
ഓഫീസ് അറ്റൻന്റുമാരുടെ പി. എസ്. സി നിയമനം ത്വരിതപ്പെടുത്താമെന്നും പുതിയ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാമെന്നും വാഗ്ദാനം നൽകിയാണ് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്. വിവിധ കമ്പനി, കോർപറേഷനുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പി. എസ്. സി റാങ്ക് പട്ടികയിൽ നിന്നാണ് ബിവറേജസ് കോർപറേഷനിലെയും ഓഫീസ് അറ്റൻഡന്റ്, ഷോപ്പ് അറ്റൻഡന്റ് ഒഴിവുകൾ നികത്തുന്നത്.
നിലവിൽ ഈ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടന്നു വരികയാണ്. എല്ലാ ഒഴിവുകളും പി. എസ്. സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിയമന ശുപാർശ ലഭിച്ചവരുടെ നിയമന നടപടികൾ പുരോഗമിക്കുകയാണെന്നും എം. ഡി അറിയിച്ചു.