മുംബൈ: ഐപിഎല്ലില്‍ 15-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
34 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോറര്‍. ഓപ്പണർ വെങ്കടേഷ് അയ്യർ (16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16), നിതീഷ് റാണ (17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21 റൺസ്), സാം ബില്ലിങ്സ് (22 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 25) എന്നിവരും കൊൽക്കത്ത നിരയിൽ പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (19 പന്തിൽ 20), ഷെൽഡൺ ജാക്സൻ (മൂന്ന് പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ നാല് ഓവറിൽ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. 38 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം ധോനി 50 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോനിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കൊൽക്കത്തയ്ക്കായി ഉമേഷ് യാദവ് നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ആന്ദ്ര റസ്സൽ ഒരു വിക്കറ്റ് വീഴ്ത്തി.